Tuesday 24 November 2015

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം കൊല്ലത്ത് തുടങ്ങി

കൊല്ലം: 49ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം കൊല്ലത്തു തുടങ്ങി. 264 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ശാസ്‌ത്രോത്സവം 28നാണ് സമാപിക്കുക. കൊല്ലം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മുഖ്യവേദി. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശാസ്‌ത്രോത്സവം കൊല്ലത്തെത്തുന്നത്. ഇന്നു രാവിലെ 9.30നു കൊല്ലം തേവള്ളി മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ പതാക ഉയര്‍ത്തിയതോടെ ഔദ്യോഗിക തുടക്കമായി. 10.30നു രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വൈകീട്ട് മൂന്നിനു സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിവിധ കലാരൂപങ്ങളും പ്ലോട്ടുകളും ഘോഷയാത്രയ്ക്കു മിഴിവേകും. തുടര്‍ന്നു വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും.
സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂള്‍, ക്രിസ്തുരാജ് സ്‌കൂള്‍ എന്നിവിടങ്ങളിലും മത്സരങ്ങളുണ്ടാകും. യു.പി തലംമുതല്‍ ഹയര്‍സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍കളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. ഇതില്‍ എ, ബി, സി ഗ്രേഡുകള്‍ നേടുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കും ക്യാഷ് അവാര്‍ഡും ട്രോഫികളും ലഭിക്കും. ശാസ്ത്രമേള, സയന്‍സ് നാടകം, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഐ.ടി മേള, വൊക്കേഷണല്‍ എക്‌സ്‌പോ, കരിയര്‍ ഫെസ്റ്റ് തുടങ്ങിയവയും ശാസ്‌ത്രോത്സവത്തിനോടനുബ ന്ധിച്ചു നടക്കും.

No comments:

Post a Comment